കൊച്ചി: വടകരയിൽ ഒൻപതുവയസുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രതി ഷെജിൽ പിടിയിലായത്. പ്രതിയെ വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. പ്രതിക്കായി നേരത്തെ ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിരുന്നു.
കോയമ്പത്തൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഷെജിലിനെ തടഞ്ഞുവെച്ച വിമാനത്താവള അധികൃതർ വടകര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദൃഷാന എന്ന ഒൻപതുവയസുകാരിയെയും കുട്ടിയുടെ മുത്തശ്ശിയെയുമാണ് ഷെജിൽ കാറിടിച്ച് വീഴ്‌ത്തി കടന്നുകളഞ്ഞത്.
അപകടത്തിൽ മുത്തശ്ശി മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ദൃഷാന കഴിഞ്ഞ എട്ട് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോമ അവസ്ഥയിലാണ് പെൺകുട്ടിയുള്ളത്. ഷിജിൽ സഞ്ചരിച്ച വെള്ള സ്വിഫ്റ്റ് കാറിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.















