ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡുവിൽ മായം ചേർത്തുവെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. റൂർക്കിയിലെ ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ ജെയിൻ, വൈഷ്ണവി ഡയറി സിഇഒ അപൂർവ വിനയ് കാന്ത് ചൗഡ, എആർ ഡയറി മാനേജിംഗ് ഡയറക്ടർ രാജു രാജശേഖരൻ എന്നിവരാണ് അറസ്റ്റിലായത്.
എആർ ഡയറിയുടെ പേരിൽ വൈഷ്ണവി ഡയറിയുടെ പ്രതിനിധികൾ ടെൻഡറുകൾ നേടിയതായും ടെൻഡർ പ്രക്രിയയിൽ കൃത്രിമം കാണിക്കുന്നതിനായി വൈഷ്ണവി ഡയറി വ്യാജ രേഖകളും സീലുകളും സൃഷ്ടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ക്ഷേത്രത്തിന് ആവശ്യമായ അളവിൽ വിതരണം ചെയ്യാൻ ശേഷിയില്ലാത്തതിനാൽ ഇവർ ഭോലെ ബാബ ഡയറിയിൽ നിന്ന് നെയ്യ് സംഭരണം നടത്തിയതായി വ്യാജ രേഖകൾ സൂചിപ്പിക്കുന്നു. പ്രതികളെ നാളെ തിരുപ്പതി കോടതിയിൽ ഹാജരാക്കും.
വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം. അന്ന് വിതരണം ചെയ്ത ലഡ്ഡു പ്രസാദത്തിൽ നിന്ന് മൃഗക്കൊഴുപ്പുൾപ്പെടെയുള്ള അശുദ്ധമായ വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ഉത്തരവിട്ടിരുന്നു. ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ)യിൽ നിന്നുമുള്ള അംഗങ്ങളും സംഘത്തിൽ ഉണ്ട്.