ഹീറ്റിങ് ലാംപ് ഉപയോഗിച്ച് ചൂട് നൽകാൻ ശ്രമിക്കുന്നതിനിടെ കോഴിക്കുഞ്ഞ് അബദ്ധത്തിൽ റോസ്റ്റായി ചത്തുപോയെന്ന് യുവതി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള ഒരു സ്ത്രീയാണ് മുട്ടവിരിഞ്ഞുണ്ടായ കോഴികുഞ്ഞിന് കൂടുതൽ സുഖ സൗകര്യം നൽകാൻ ചൂടുള്ള വൈദ്യുത വിളക്കിന് കീഴിൽവച്ചത്.
ഇൻകുബേഷൻ മെഷീൻ ഉപയോഗിച്ചാണ് യുവതി കോഴികുഞ്ഞിനെ വിരിയിച്ചത്. പിന്നാലെ കുഞ്ഞുപക്ഷിയുടെ സുഖസൗകര്യങ്ങളെക്കുറിച്ച് ആശങ്കാകുലയായ അവർ ചൂടുനൽകാൻ ഒരു വലിയ ഹീറ്റിങ് ലാമ്പിനു ചുവട്ടിൽ കോഴികുഞ്ഞിനെ വച്ചു. ശേഷം ഒരു തൂവാലകൊണ്ട് കൂട് മൂടുകയും ചെയ്തു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവതിക്ക് മുറിയാകെ ഒരു കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയായിരുന്നു. അപ്പോഴാണ് അവർ വിളക്കിനുകീഴെ വച്ച കോഴിക്കുഞ്ഞിനെപ്പറ്റിയോർക്കുന്നത്. ഉടൻ തന്നെ വിളക്കിനടുത്തെത്തി നോക്കിയ യുവതി ഞെട്ടിപ്പോയി. കൂടിന് തീപിടിച്ച് കോഴിക്കുഞ്ഞ് പൂർണമായും കരിഞ്ഞ് റോസ്റ്റായ നിലയിലായിരുന്നു. സംഭവത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവതി തന്റെ കുറ്റബോധം മാറാൻ മറ്റൊരു കോഴിക്കുഞ്ഞിനെ വിരിയിച്ച് പരിപാലിക്കുമെന്നും പറഞ്ഞു.















