ലക്നൗ: മഹാകുംഭമേളിയിൽ പങ്കെടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. രാഷ്‌ട്രപതി ഒരു ദിവസം പ്രയാഗ്‌രാജിൽ തങ്ങിയാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്.
യോഗി ആദിത്യനാഥിനൊപ്പം ത്രിവേണീ സംഗമസ്ഥാനത്തെത്തിയ രാഷ്ട്രപതി ഗംഗാനദിയിൽ ബോട്ട് സവാരി നടത്തി. ത്രിവേണീ സംഗമത്തിൽ രാഷ്ട്രപതി പുണ്യസ്നാനം ചെയ്യുകയും സംഗമസ്ഥാനത്ത് പൂജ നടത്തുകയും ചെയ്യും.
അക്ഷയവത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പൂജകളിൽ രാഷ്‌ട്രപതി പങ്കെടുക്കുമെന്ന് പ്രയാഗ്‌രാജ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രയാഗ്‌രാജിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ മഹാകുംഭ് പ്രദർശനത്തിലും രാഷ്‌ട്രപതി പങ്കെടുക്കും.