ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിലെ 30 ആംആദ്മി എംഎൽഎ മാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം നീങ്ങാനാവില്ലെന്നാണ് എംഎൽഎ മാരുടെ നിലപാട്. ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസും ചർച്ച തുടങ്ങിയിട്ടുണ്ട്.
നേരത്തെതന്നെ ആംആദ്മി പാർട്ടിയിലെ പല എംഎൽഎമാരും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രവർത്തന രീതിക്കെതിരെ വലിയ വിമർശനമുന്നയിച്ചിരുന്നു. ഡൽഹി മോഡൽ വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കാൻ കഴിയുന്നില്ലെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ പരാജയത്തോടെ പഞ്ചാബിലെ രാഷ്‌ട്രീയ സാഹചര്യവും മാറിമറിഞ്ഞു. 117 സീറ്റിൽ 92 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തുന്നത്. 28 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്.
പഞ്ചാബിൽ എഎപിയിൽ പിളർപ്പുണ്ടാകാനും സംസ്ഥാന സർക്കാരിൽ പുനഃസംഘടന ഉണ്ടാകാനും സാധ്യതയുണ്ടെന്ന് നേരത്തെ പ്രതിപക്ഷ നേതാക്കൾ പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബ് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ, സംസ്ഥാനത്തെ ആം ആദ്മി എംഎൽഎമാരുമായി വളരെക്കാലമായി അടുപ്പം നിലനിർത്തുന്നുണ്ടെന്ന് അവകാശപ്പെട്ടു. അങ്ങേയറ്റം സത്യസന്ധരെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പാർട്ടിയുടെ യഥാർത്ഥ മുഖം പഞ്ചാബിലെ ജനങ്ങൾ കണ്ടുകഴിഞ്ഞെന്നും ഡൽഹിയിലെ ഫലങ്ങൾ ആം ആദ്മി പാർട്ടിയുടെ അവസാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.















