മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം തുടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘നൈറ്റ് കോൾ’ എന്ന് ഷോർട്ട്ഫിലിമിലൂടെ ശ്രദ്ധേയനായ സോനു ടി പിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുഹൃത്തുക്കളായ സത്യൻ അന്തിക്കാടിനൊപ്പവും ആന്റണി പെരുമ്പാവൂരിനൊപ്പവും നിൽക്കുന്ന ചിത്രവും മോഹൻലാൽ പങ്കുവച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
2015-ൽ റിലീസ് ചെയ്ത ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനമായി ഒന്നിച്ചത്. മലയാളികളുടെ പ്രിയ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കാൻ പോകുന്നു എന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. നാടോടിക്കാറ്റ്, വരവേൽപ്പ്, സന്മനസുള്ളവർക്ക് സമാധാനം, ടി.പി ബാലഗോപാലൻ എംഎ, പിൻഗാമി തുടങ്ങി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.