പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വർട്ടർ ഫൈനലിൽ നാടകീയമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം. സെഞ്ച്വറി നേടിയ സൽമാൻ നിസാറാണ് കേരളത്തെ രക്ഷിച്ചത്. ജമ്മു കശ്മീരിനെതിരെ കേരളത്തിന് 200 റൺസെടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായിരുന്നു.
ജമ്മു കശ്മീരിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 280 റൺസ് മറികടക്കാനാകുമോയെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കേരളം അവിശ്വനീയ തിരിച്ചുവരവ് നടത്തിയത്. കേരളത്തിനായി സൽമാൻ നിസാറും അവസാനമായിറങ്ങിയ ബേസിൽ തമ്പിയും ചേർന്ന് 22 ഓവറോളം പൊരുതി. ഇരുവരും ചേർന്ന് 81റൺസ് കൂട്ടിച്ചേർത്ത് കേരളത്തിനായി ഒരു റൺസിന്റെ നിർണായക ലീഡ് നേടി.
സെഞ്ച്വറി നേടിയ സൽമാൻ നിസാർ 172 പന്തിൽ 112 റൺസ് നേടി പുറത്താകാതെ നിന്നു. ബേസിൽ തമ്പി 35 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസുമെടുത്തു. കേരളം 5 വിക്കറ്റിന് 105 എന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് സൽമാന്റെ രക്ഷാപ്രവർത്തനം ടീമിന് തുണയായത്. താരത്തിന്റെ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണിത്. രണ്ടാമിന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച കശ്മീരിന് ഇതിനോടകം രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ജമ്മു കശ്മീർ നിലവിൽ 52/2 എന്ന നിലയിലാണ്.