ഇന്ത്യയിലെ ഏറ്റവും പ്രമുഖ യൂട്യൂബർമാരിൽ ഒരാളാണ് രൺവീർ അലഹബാദിയ. മികച്ച ഉള്ളടക്കത്തോടെ വീഡിയോകൾ തയ്യാറാക്കുന്നുവെന്നതാണ് രൺവീറിന്റെ ചാനലിന്റെ സവിശേഷത. രൺവീറിനെ പോലെ നിരവധി പേർ സമാനമായി പോഡ്കാസ്റ്റ് വീഡിയോകൾ തയ്യാറാക്കുന്നുണ്ടെങ്കിലും Beer Bicepsലെ ഉള്ളടക്കങ്ങൾ കൂടുതൽ സമഗ്രമാണെന്നതാണ് മറ്റുള്ള യൂട്യൂബർമാരിൽ നിന്ന് രൺവീറിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ രൺവീറിന്റെ കാഴ്ചക്കാർ പ്രായഭേദമന്യേയുള്ളവരാണ്. എന്നാൽ ഇപ്പോൾ വലിയൊരു വിവാദത്തിന്റെ വലയിൽ അകപ്പെട്ടിരിക്കുകയാണ് രൺവീർ അലഹബാദിയ.
അടുത്തിടെ സമയ് റൈനയുടെ India’s Got Latent എന്ന ഷോയിൽ പങ്കെടുത്ത രൺവീർ പറഞ്ഞ അശ്ലീല തമാശയാണ് വിവാദത്തിനാധാരം. സംഗതി കൈവിട്ടെന്ന് തിരിച്ചറിഞ്ഞ രൺവീർ മാപ്പുചോദിക്കുകയും ചെയ്തു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. തമാശ പറയുന്നതിൽ താൻ അത്ര മികച്ചയാളല്ലെന്ന് സ്വയം വിമർശിച്ച താരം, തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമെന്ന് രൺവീർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഷോയ്‌ക്കിടെ താൻ ഉപയോഗിച്ച വാക്കുകളും തമാശയും മുന്നോട്ടുവച്ച അഭിപ്രായവും അനുചിതമാണെന്ന് തിരിച്ചറിയുന്നുവെന്നും യൂട്യൂബർ പറഞ്ഞു. പറഞ്ഞ അശ്ലീലത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്നും രൺവീർ കൂട്ടിച്ചേർത്തു.
I shouldn’t have said what I said on India’s got latent. I’m sorry. pic.twitter.com/BaLEx5J0kd
— Ranveer Allahbadia (@BeerBicepsGuy) February 10, 2025
വ്യക്തിപരമായി എനിക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. ക്ഷമ ചോദിക്കുകയാണ്. എന്റെ ഭാഗത്ത് നിന്ന് അത് സംഭവിക്കരുതായിരുന്നു. ഞാൻ എന്നെ മെച്ചപ്പെടുത്തുമെന്നും ഉത്തരവാദിത്തത്തോടെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമെന്നും ഉറപ്പുനൽകുകയാണ്. തന്റെ വൈറലായ വീഡിയോയിലെ ആ വിവാദഭാഗം വളരെ സെൻസിറ്റീവാണെന്നതിനാൽ അത് നീക്കം ചെയ്യാൻ വീഡിയോ ക്രിയേറ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. – രൺവീർ പറഞ്ഞു.
മാതാപിതാക്കൾ ശാരീരികബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് തമാശ രൂപത്തിൽ രൺവീർ പറഞ്ഞ വാചകങ്ങളാണ് വിവാദമായത്. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം നിരവധി പേർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയെന്താണെന്ന് രൺവീറിനെ ഓർപ്പിച്ച് വിമർശിച്ചിരുന്നു.















