കൽപ്പറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിൽ വിമർശനം ശക്തം. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ‘ആദിവാസി പെണ്ണിനെ’ പഞ്ചായത്ത് പ്രസിഡന്റാക്കിയെന്ന സിപിഎം നേതാവിന്റെ പ്രസ്താവനയാണ് വിവാദമായത്. പനമരത്ത് അവിശ്വാസ പ്രമേയത്തിലൂടെ സിപിഎമ്മിന് ഭരണം നഷ്ടമായിരുന്നു. പ്രസിഡന്റാകേണ്ടിയിരുന്ന ഹസീനയ്‌ക്ക് പകരമാണ് പുതിയൊരാളെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ആദ്യമായി മുസ്ലിം വനിതാ പ്രസിഡന്റാകേണ്ടിയിരുന്ന പഞ്ചായത്തിലെ ഭരണം ലീഗുകാർ ചേർന്ന് അട്ടിമറിച്ചുവെന്ന് പ്രഭാകരൻ ആരോപിച്ചു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ അവർ കയ്യും കെട്ടിനിന്ന് മറുപടി പറയേണ്ടി വരുമെന്നും പ്രഭാകരൻ പറഞ്ഞു. എന്നാൽ ആദിവാസി വിഭാഗത്തില്‍നിന്നുള്ള വനിത പഞ്ചായത്ത് പ്രസിഡന്റ് ആയത് സിപിഎമ്മിന് അപമാനമാണെങ്കില്‍ ലീഗിന് അത് അഭിമാനമാണെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ മറുപടി നൽകി.
പനമരത്ത് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് എല്‍.ഡി.എഫ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ പുറത്തായത്. ഹസീന, ലക്ഷ്മി എന്നിവരുടെ പേരുകളാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ യുഡിഎഫിലെ ഭിന്നതയെത്തുടർന്ന് പാണക്കാട് സാദിഖ് അലി തങ്ങള്‍ ഇടപട്ട് ആദിവാസി വിഭാഗത്തില്‍നിന്നുള്ള ലീഗ് അംഗം ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സിപിഎം നേതാവിന്റെ വിവാദ പരാമർശം.