ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസമായ എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷന് തുടക്കം. ബെംഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് എയ്റോ ഇന്ത്യയുടെ രൂപത്തിൽ മറ്റൊരു കുംഭമേള ആരംഭിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പ്രയാഗ് രാജിലെ മഹാകുംഭമേള ഭാരതത്തിന്റെ സംസ്കാരത്തെയും എയ്റോ ഇന്ത്യ ഭാരതത്തിന്റെ ശക്തിയെയും പ്രദർശിപ്പിക്കുന്നു. ഒരു വശത്ത് പാരമ്പര്യത്തിന്റെയും ആത്മീയതയുടെയും മഹാകുംഭം നടക്കുന്നു. മറുവശത്ത് ധീരതയുടെ കുംഭമേളയാണ് നടക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഒരു വലിയ രാജ്യം എന്ന നിലയിൽ ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ ഉറവിടമാണ്. പ്രതിരോധ നിർമാണ രംഗത്ത് പൊതുമേഖല കമ്പനികൾക്കും സ്വകാര്യ കമ്പനികൾക്കും തുല്യമായ പ്രാധാന്യം നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമസേനയുടെ സുഖോയ്, തേജസ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ വ്യോമഭ്യാസം നടന്നു. കൂടാതെ സൂര്യകിരണിന്റെ അത്യുജ്ജ്വല വ്യോമാഭ്യാസ പ്രകടനങ്ങളും എയ്റോ ഇന്ത്യയുടെ ഭാഗമായി. എയർ ഷോയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് യെലഹങ്കയിൽ സജ്ജമാക്കിയത്.
ഇന്ത്യൻ പതാക ഉയർത്തി യുദ്ധവിമാനങ്ങൾ പാറിപറന്നപ്പോൾ കാണികൾ ആവേശഭരിതരായി. ഫെബ്രുവരി 14 വരെ എയ്റോ ഇന്ത്യ തുടരും. അവസാന രണ്ട് ദിവസമായിരിക്കും പൊതുജനങ്ങൾക്കായുള്ള വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക.















