റായ്പൂർ: ഛത്തീസ്ഗഢിലെ മാവോവാദികളെ തുടച്ചുനീക്കാൻ സുസജ്ജമായി ബിഎസ്എഫ്. കഴിഞ്ഞ 13 മാസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. 2024-25 (ഫെബ്രുവരി- 10) വരെ 305 പേരെയാണ് സുരക്ഷാ സേന വകവരുത്തിയത്. പൊലീസിന്റെയും സുരക്ഷാസേനയുടെയും ഓപ്പറേഷനിൽ 1,177 പേരെ അറസ്റ്റ് ചെയ്തു. 985 പേർ സ്വമേധയാ കീഴടങ്ങിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഓപ്പറേഷൻ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവും സംസ്ഥാന സർക്കാർ ബിഎസ്എഫിന് അനുവദിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് ഛത്തീസ്ഗഢ് പൊലീസും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മാവോയിസ്റ്റുകൾ തമ്പടിക്കുന്ന മേഖലകൾ കണ്ടെത്തി അവിടെ സജീവ നിരീക്ഷണം നടത്താൻ ബിഎസ്എഫിന് സാധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പിടികൂടിയവർ തിരികെ മാവോയിസ്റ്റ് സംഘത്തിലേക്ക് പോകാതിരിക്കാനുള്ള എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചുകഴിഞ്ഞു. കീഴടങ്ങിയവരെ സമൂഹത്തിന്റെ മുൻനിരയിലേക്കും കൊണ്ടുവരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ബിജാപൂരിൽ 31മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. വനമേഖലയിൽ നടന്ന ഓപ്പറേഷനിലാണ് വൻ മാവോയിസ്റ്റ് വേട്ടയുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചിരുന്നു.