വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. സുൽത്താൻ ബത്തേരിയിലെ നൂൽപ്പുഴയിലാണ് സംഭവം. കാപ്പാട് സ്വദേശി മനു(45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ സാധനം വാങ്ങാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
മനുവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കാട്ടാന ആക്രമണമാണെന്ന് വ്യക്തമായത്. മൃതദേഹത്തിന് സമീപത്തായി മനു വാങ്ങിയ സാധനങ്ങളും കിടക്കുന്നുണ്ടായിരുന്നു. വനാതിർത്തി മേഖലയായ നിൽപ്പുഴയിൽ പൊതുവെ കാട്ടാന ശല്യം രൂക്ഷമാണ്.
ഇടുക്കിയിൽ കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചിരുന്നു. പെരുവന്താനം കൊമ്പൻപാറയിലാണ് ആക്രമണമുണ്ടായത്. കൊമ്പൻപാറ സ്വദേശിയായ സോഫിയയാണ് മരിച്ചത്. വീടിന് സമീപത്തെ അരുവിയിൽ കുളിക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം.















