ആലപ്പുഴ: അമ്പലപ്പുഴയിൽ അമ്മയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇല്ക്ട്രീഷ്യനായ പ്രതി കിരൺ ഇരുമ്പുതകിടിൽ വൈദ്യുതി കടത്തിവിട്ടാണ് ദിനേശനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഷോക്കേറ്റ് നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പാക്കാൻ കൈകളിൽ വീണ്ടും ഷോക്കടിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.
മരിച്ചെന്ന് ഉറപ്പായതിന് ശേഷം കിരണും അച്ഛൻ കുഞ്ഞുമോനും ചേർന്നാണ് മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ദിനേശനെ വകവരുത്തുന്നതിനായി നേരത്തെ തന്നെ കിരൺ കെണിയൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിവൈകി ദിനേശൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടാണ് കിരൺ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
വീട്ടിൽ നിന്ന് അകന്ന് വാടയ്‌ക്കലിലെ ലോഡ്ജിലാണ് ദിനേശൻ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ദിനേശൻ ലോഡ‍്ജിൽ നിന്ന് ഇറങ്ങുന്ന സിസിടിവി ദൃശ്യത്തിൽ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനേശൻ കിരണിന്റെ വീട്ടിലെത്തിയതായി കണ്ടെത്തിയത്.
മഴക്കാലത്ത് മീൻ പിടിക്കാൻ കിരൺ വൈദ്യുതിക്കെണി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി ദിനേശനും പ്രതിയുടെ അമ്മയും തമ്മിൽ അടുത്തബന്ധമാണെന്നും പല തവണ വിലക്കിയിട്ടും ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.















