പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പരിചയക്കാർ തന്നെയെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അന്വേഷണസംഘം.
“പെൺകുട്ടിയെ പരിചയമുള്ള ആളുകൾ തന്നെയാണ് തട്ടിക്കൊണ്ടുപോയത്. അത്യവശ്യ തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി താമസിക്കുന്ന സ്ഥലത്തുള്ള ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് പ്രതികൾ എത്തിയത്. ചടങ്ങിന് ശേഷമാണ് സംഭവമുണ്ടായത്. പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാരാണ് പൊലീസിന് പരാതി നൽകിയത്”.
സുഹൃത്തുക്കളോടൊപ്പം നിന്ന സമയത്താണ് കുട്ടിയെ കൊണ്ടുപോയത്. ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ നേരത്തെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡിവൈഎസ് പി സന്തോഷ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് പെൺകുട്ടി പീഡനത്തിനിരയായത്. എറണാകുളം സ്വദേശിയായ സുധീഷും പെൺകുട്ടിയുടെ അയൽവാസിയായ 16-കാരനുമാണ് പ്രതികൾ. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.















