ന്യൂഡൽഹി: പ്രായപൂർത്തിയായ ജീവിതപങ്കാളിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ശാരീരികബന്ധത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കേസിലാണ് കോടതിയുടെ നിരീക്ഷണം. മലാശയത്തിലും മറ്റ് ആന്തരിക അവയവങ്ങളിലും വീക്കവും മുറിവും ഉൾപ്പടെ പലവിധ പരിക്കുകൾ യുവതിക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്ന് ഭർത്താവിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വിചാരണക്കോടതി ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കുകയായിരുന്നു ഹൈക്കോടതി.
പ്രായപൂർത്തിയായ ഭാര്യയുമായി, അവളുടെ സമ്മതമില്ലാതെയാണെങ്കിൽ പോലും, പ്രകൃതിവിരുദ്ധ ലൈംഗികത ഉൾപ്പെടെയുള്ള ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് ഇന്ത്യൻ നിയമപ്രകാരം കുറ്റകരമല്ലെന്നാണ് ഛത്തീസ്ഗഡ് കോടതിയുടെ നിരീക്ഷണം. കീഴ്‌ക്കോടതി ശിക്ഷിച്ച ജഗ്ദൽപൂർ സ്വദേശിയെ കുറ്റവിമുക്തനാക്കുന്നതായും ഹൈക്കോടതി ഉത്തരവിട്ടു.
15 വയസ് പൂർത്തിയായ ഭാര്യയാണെങ്കിൽ അവരുമായി ഭർത്താവ് ഏതുതരത്തിലുള്ള ശാരീരിക ബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ല. ഭാര്യക്ക് സമ്മതമില്ലായിരുന്നുവെങ്കിലും പ്രകൃതിവിരുദ്ധ ബന്ധമായാലും ഭാര്യയുമായുള്ള ലൈംഗിക ബന്ധം നിയമവിരുദ്ധമാകില്ല. അതിനാൽ പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്ന ഐപിസി സെക്ഷൻ 376 , 377 എന്നിവ നിലനിൽക്കില്ലെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി.
ബസ്തറിലെ ജഗ്ദൽപൂർ സ്വദേശിയാണ് ഭർത്താവ്. 2017 ഡിസംബർ 11-നാണ് ഇയാൾ അറസ്റ്റിലായത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ മജിസ്ട്രേറ്റിന് മുൻപിൽ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തനിക്ക് താത്പര്യമില്ലാത്ത ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് അവശനിലയിലായത് എന്നായിരുന്നു ഭാര്യയുടെ മരണമൊഴി. കേസിൽ 2019 ഫെബ്രുവരി 11ന് ജഗ്ദൽപൂർ അതിവേഗ കോടതി ഭർത്താവ് കുറ്റക്കാരനാണെന്ന് വിധിച്ചു. പത്ത് വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഭർത്താവിന് അനുകൂല ഉത്തരവ് ലഭിക്കുകയായിരുന്നു.















