പ്രയാഗ്‌രാജ്: മാഘി പൂർണിമ ദിനത്തിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തി ലക്ഷകണക്കിന് ഭക്തജനങ്ങൾ. വിശേഷ ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരുന്നത്. രാവിലെ ആറ് മണിമുതൽ ആരംഭിച്ച പുണ്യ സ്നാനത്തിലും പൂജ ചടങ്ങുകളിലും 73 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.
മാഘി പൂർണിമ സ്നാനത്തോടെ ഒരു മാസം നീണ്ടുനിന്ന കൽപ്പവാസും അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കൽപ്പവാസികൾ മഹാ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങും. രാവിലെ 6 മണിയോടെ, 10 ലക്ഷം കൽപവാസികൾ ഉൾപ്പെടെ 73.60 ലക്ഷം ആളുകൾ ത്രിവേണി സംഗമത്തിലും മറ്റ് ഘട്ടുകളിലും ആചാര സ്‌നാനം ചെയ്തതായി ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിലെ ‘അമൃത് സ്നാന’ത്തോടെ മഹാ കുംഭമേള സമാപിക്കും.
ഗതാഗത നിയമങ്ങൾ പാലിക്കാനും അംഗീകൃത പാർക്കിംഗ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കാനും ഭരണകൂടം അവരോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ പുലർച്ചെ 4 മണി മുതൽ മാഘി പൂർണിമ സ്നാന ചടങ്ങുകൾ നിരീക്ഷിക്കുകയാണ്. പൊലീസ് ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ എന്നിവരും വാർ റൂമിൽ സന്നിഹിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പുണ്യസ്നാനം നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെ 4 മണി മുതൽ കുംഭമേള പ്രദേശം വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, പൊതു, സ്വകാര്യ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വെല്ലുവിളിയാകുന്ന സ്ഥലങ്ങളിലെല്ലാം പ്രത്യേക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പ്രയാഗ്‌രാജ് എഡിജി ഭാനു ഭാസ്‌കർ പറഞ്ഞു.















