അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി പ്രകടനവുമായി ശുഭ്മാൻ ഗിൽ. തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് താരം ശതകം കുറിച്ചത്. ഇതോടെ മൂന്ന് ഫോർമാറ്റുകളിലും ഒരേ വേദിയിൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ ശുഭ്മാൻ ഗില്ലും ഇടം പിടിച്ചു. 95 പന്തിൽ സെഞ്ച്വറി കുറിച്ച ഗിൽ 112 റൺസ് നേടി പുറത്തായി.
14 ഫോറുകളും 3 സിക്സുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഏകദിനത്തിൽ യുവതാരത്തിന്റെ ഏഴാമത്തെ സെഞ്ച്വറിയാണിത്. അതേസമയം, 26 വയസ്സ് തികയുന്നതിന് മുമ്പ് ഏഴ് സെഞ്ച്വറികൾ നേടിയ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ് എന്നിവർക്കൊപ്പം ഗില്ലും ഇടംപിടിച്ചു. സച്ചിൻ (25 സെഞ്ച്വറികൾ), വിരാട് കോലി, യുവരാജ് സിംഗ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ.
മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി പ്രകടനത്തോടെ ഫോമിലെത്തിയ ക്യാപ്റ്റൻ രോഹിത്തിന്റെ (1) വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. 55 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ വിരാട് കോലി വീണ്ടും ആദിൽ റഷീദിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി മടങ്ങി. ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധസെഞ്ച്വറി നേടി. 64 പന്തിൽ 78 റൺസെടുത്ത ശ്രേയസിനെയും പിന്നാലെവന്ന ഹർദിക് പാണ്ഡ്യയെയും ആദിൽ റഷീദ് മടക്കിയതോടെ ഇന്ത്യ നിലവിൽ 290/5 എന്ന നിലയിലാണ്.