വിവാഹാഘോഷത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. പുള്ളിപ്പുലിയാണ് വിവാഹവീട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ലക്നൗ സ്വദേശികളായ അക്ഷയ് ശ്രീവാസ്തവയുടെയും ജ്യോതി കുമാരിയുടെയും വിവാഹഘോഷം നടന്ന വീട്ടിലാണ് പുള്ളിപ്പുലി കടന്നത്. രാത്രി 11 മണിക്കാണ് പുലി വീട്ടിൽ കയറിയത്.
പുള്ളിപ്പുലിയെ കണ്ടതോടെ വിവാഹാഘോഷത്തിൽ പങ്കെടുത്ത അതിഥികളെല്ലാം വീടിന് പുറത്തേക്ക് ചിതറിയോടി. വീടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടി ഒരാൾക്ക് പരിക്കേറ്റു. വീടിന്റെ ബാൽക്കണി വഴി പുള്ളിപ്പുലി നടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ഏറെ നേരം ഭയാനക അന്തരീഷമാണ് ഉണ്ടായിരുന്നത്. വരനെയും വധുവിനെയും ഉടൻ തന്നെ പുറത്തെത്തിച്ച് കാറിൽ കയറ്റി. മറ്റുള്ളവർ വിവിധയിടങ്ങളിലേക്ക് ഓടിരക്ഷപ്പെട്ടു.
വീട്ടുകാർ വിവരമറിയിച്ചതോടെ വനംവകുപ്പും പൊലീസും എത്തി പുലിയെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്. പുലിയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈകൾക്ക് പരിക്കേറ്റു.
പുലർച്ചെ 3.30 ഓടെയാണ് പുലിയെ പിടികൂടിയത്. പുലിയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.















