പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ പങ്കെടുക്കാനെത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യ ചേതന രാമതീർത്ഥയും. ചൊവ്വാഴ്ച പ്രയാഗ്‌രാജിൽ എത്തിയ കുംബ്ലെ, വിഐപി പ്രോട്ടോക്കോളുകൾ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ഒരു സാധാരണ തീർത്ഥാടകനായി ഭക്തർക്കൊപ്പം ചേർന്ന അദ്ദേഹം ഭാര്യക്കൊപ്പം സംഗമസ്ഥാനത്തേക്ക് ബോട്ടിൽ പോയി സ്നാനം ചെയ്‌തു. ഇരുവരും ഗംഗാനദിയിലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
Blessed 🙏🏽#MahaKumbh #Prayagraj pic.twitter.com/OFY6T3yF5F
— Anil Kumble (@anilkumble1074) February 12, 2025
മാഘ പൂർണിമ ദിനത്തിൽ കുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തത് രണ്ട് കോടിയിലധികം ഭക്തരാണ്.വൻ സുരക്ഷാ ക്രമീകരണങ്ങളാണ് വിശേഷ ദിനത്തിലെ സ്നാന ചടങ്ങുകൾക്കായി ഒരുക്കിയിരുന്നത്. വിശേഷ ദിനത്തിൽ ഹെലികോപ്റ്ററിൽ നിന്ന് ഭക്തരുടെ മേൽ പുഷ്പവൃഷ്ടിയും നടന്നു.
മാഘ പൂർണിമയിലെ സ്നാനത്തോടെ, ഒരു മാസം നീണ്ടുനിന്ന കല്പവാസ് അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കല്പവാസികൾ മഹാകുംഭത്തിൽ പങ്കെടുത്ത് മടങ്ങും മഹാ കുംഭമേള ആരംഭിച്ചതിനുശേഷം ആകെ 47 കോടിയിലധികം ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.















