കാൺപൂർ: ജാതിയുടെ പേരിൽ വീട്ടുകാർ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് വിഷം കഴിച്ച് യുവാവും കാമുകിയും. ഗുരുതരാവസ്ഥയിലായിരുന്ന ഇരുപത്തത്തൊന്നുകാരി മരിച്ചു. ആശുപത്രിയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.
കമിതാക്കളായ രജത് കുമാറും (25) മാനു കശ്യപുമാണ് വീട്ടുകാർ പ്രണയത്തിന് തടസം നിന്നതോടെ ജീവനൊടുക്കാൻ വിഷം കഴിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും അവർ ഈ ബന്ധം അംഗീകരിക്കാൻ തയാറായില്ല. ഇരുവർക്കും മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നതോടെയാണ് രജത്തും മാനുവും വിഷം കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ മകളെ രജത് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിഷം നൽകുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വാഹനാപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആളാണ് രജത് കുമാർ. 2022 ലായിരുന്നു അപകടം. ഋഷഭ് പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് ആദ്യമെത്തിയ രജതും മറ്റൊരു യുവാവും ചേർന്ന് കത്തിത്തുടങ്ങിയ കാറിൽ നിന്നും പന്തിനെ പുറത്തെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഇരുവരും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. സുഖം പ്രാപിച്ച ശേഷം പന്ത് തന്റെ ജീവൻ രക്ഷിച്ച യുവാക്കളെ നേരിട്ട് കാണുകയും ഇവർക്ക് ഓരോ സ്കൂട്ടർ സമ്മാനമായി നൽകുകയും ചെയ്തിരുന്നു.















