തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. സംസ്ഥാന സെക്രട്ടറി എളമരം കരീമിനെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻ. ജി. ഒ. സംഘ്. വനിതകൾ ഉൾപ്പെടെയുള്ള നഴ്സ് വിഭാഗം ജീവനക്കാർക്കെതിരെ ഭീഷണി മുഴക്കിയ എളമരം കരീമിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എൻ. ജി. ഒ. സംഘ് ജനറൽ സെക്രട്ടറി എസ്. രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വിവാദ പ്രസ്താവനയ്‌ക്കെതിരെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് വിഭാഗവും പ്രതിഷേധത്തിലാണ്.
ആശാ പ്രവർത്തകർ ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും ആണ് ഹോണറേറിയം നൽകി വരുന്നത്. ഇത് ഒഴിവാക്കി നൽകണമെന്നും ശൈലി സർവേയിൽ ഉൾപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടും ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പാകെ ആശാ പ്രവർത്തകർ സമരം നടത്തുന്നത്. ഈ സമരം ഉത്ഘാടനം ചെയ്തുകൊണ്ടാണ് എളമനം കരീം മർദ്ദനത്തിന് ആഹ്വാനം ചെയ്തത്.
വിവിധ സംഘടനകൾ ഇത് ഏറ്റെടുത്തു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആശാ പ്രവർത്തകർ ചെയ്യാത്ത പ്രവർത്തനങ്ങൾ ദേശീയ പോർട്ടലിൽ എൻ്റർ ചെയ്യണമെന്ന സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്തൊട്ടാകെ ഉള്ള ആരോഗ്യ വകുപ്പിലെ JPHN വിഭാഗവും സൂപ്രവൈസർ വിഭാഗവും പണിമുടക്കിലും നിസഹകരണ സമരത്തിലുമാണ്. ഓഡിറ്റുകളിൽ കൃത്യമായ രേഖകൾ ഇല്ലാതെ ഹോണറേറിയം എൻ്റർ ചെയ്തത് കണ്ടെത്തി പണം തിരികെ ജീവനക്കാരുടെ കൈയ്യിൽ നിന്നും ഈടാക്കാനുള്ള നിർദ്ദേശങ്ങളും JPHN മാരെ ദോഷകരമായി ബാധിച്ചു വരുന്നുണ്ട്.
ഫെബ്രുവരി 14-ന് പൂർത്തീകരിക്കേണ്ട ലെപ്രസി സ്ക്രീനിംഗ് പരിപാടി 10 ദിവസം കൂടി നീട്ടിവച്ചിരിക്കുകയാണ്. ക്യാൻസർ പരിശോധനാ പരിപാടികൾ നാമമാത്രമായി മാറുന്നുമുണ്ട്. വാക്സിനേഷന് കുട്ടികളെ എത്തിക്കുന്ന പ്രവർത്തനത്തെയും ബാധിക്കുന്നു. ക്ഷയരോഗ നിർമാർജന പരിപാടിയും ശൈലി സർവ്വേയും പാതി വഴിയിലാണ്. ഈ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കിയാൽ മാത്രമേ കേന്ദ്ര പദ്ധതികളുടെ ഫണ്ടുകൾ യഥാ സമയം ലഭ്യമാകുകയുള്ളു എന്ന് സർക്കാരിന് ബോധ്യമുള്ളതുമാണ്.
ആരോഗ്യ മേഖലയിലെ ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ NHM ആസ്ഥാനങ്ങളിൽ ജീവനക്കാർ പണിമുടക്കി പ്രക്ഷോഭങ്ങൾ നടത്തുകയാണ്.
ആശാ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരെ അവർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് ഇളമരം കരീം ഭീഷണിപ്പെടുത്തിയത്.