കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥകളെയും ഇന്ന് ചോദ്യം ചെയ്യും. പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളായ സാമുവല്‍ ജോൺസൺ, വിവേക് എൻപി, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത് എന്നിവർക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇടുക്കി സ്വദേശിയാണ് സീനിയർ വിദ്യാർത്ഥികളുടെ അതിക്രൂര റാഗിംഗിനിരയായത്. വിദ്യാർത്ഥിയെ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കോമ്പസ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും മുറിവേറ്റ ഭാഗങ്ങളിൽ ലോഷൻ തേയ്‌ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും പ്രതികൾ അതിക്രമം തുടർന്നു.
ഫെബ്രുവരി 12-നാണ് നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിൻസിപ്പലിന്റെയും വിദ്യാർത്ഥികളുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.















