കോഴിക്കോട്: മനുഷ്യാവകാശ സംഘടനകളുടെ മറവിൽ നിരോധിത ഭീകരസംഘടനകൾ വീണ്ടും തലപൊക്കുന്നു. പുതിയതായി രൂപീകരിക്കുന്ന പല മനുഷ്യാവകാശ സംഘടനകളും നിയന്ത്രിക്കുന്നത് നിരോധിത സംഘടനകളുടെ നേതാക്കളാണ്. ഇത്തരം സംഘടനകളുടെ പ്രവർത്തനം കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിക്കുന്ന നാഷണൽ കോൺഫെഡറഷൻ ഫോർ ഹ്യൂമൻ ഡിഗ്നിറ്റി ആൻഡ് റെറ്റ്സിന്റെ തലപ്പത്തും നിരോധിത സംഘടനയായ എൻസിഎച്ച്ആർഒ യുടെ സംസ്ഥാന അദ്ധ്യക്ഷനായ വിളയോടി ശിവൻകുട്ടിയാണ്.
2022ലാണ് കേന്ദ്രസർക്കാർ എൻസിഎച്ച്ആർഒയെ നിരോധിച്ചത്. പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തമിഴ്നാട്, കർണാടക, ആന്ധ്ര, രാജസ്ഥാൻ, ഗോവ, ന്യൂഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൻസിഎച്ച്ആർഒ പ്രവർത്തിച്ചത്.
ഫെബ്രുവരി 16 ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിലാണ് പുതിയ സംഘടനയുടെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴയ നേതാക്കളും അർബൻ നക്സലുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള കോഴിക്കോട് വിദ്യാർത്ഥി ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
വാഹിദ് ഷെയ്ഖ്, സാദിഖ് ഉളളിയിൽ, അഫ്സൽ ഖാസ്മി, പ്രൊഫ. കാജാകനി (സെക്രട്ടറി. തമിഴ്നാട്ട് മുസ്ലീം മുന്നേറ്റ കഴകം), മുഹമ്മദ് മുനീർ(ഇന്ത്യൻ തൗഹീദ് ജമാഅന്ന്, ചെന്നൈ), വർക്കല രാജ്, റാസിക് റഹീം, ശ്വേതാ ഭട്ട്, ആർ. രാജഗോപാൽ എന്നിവരാണ് പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.















