വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കാവശ്യമായ ടൗൺഷിപ്പിന്റെ നിർമ്മാണത്തിനായി സമർപ്പിച്ച 16 പദ്ധതികൾക്കായാണ് സഹായം. സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തി പലിശരഹിത വായ്പയായാണ് തുക അനുവദിച്ചത്.
മൂലധന നിക്ഷേപ സ്കീമിലെ വായ്പയ്‌ക്ക് പലിശയില്ല, 50 കൊല്ലത്തിനകം തിരിച്ചടച്ചാൽ മതിയാകും. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച കത്തിലാണ് വായ്പ സഹായം അനുവദിച്ച വിവരം കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാനം സമർപ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.
മാര്‍ച്ച് 31-നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. പലിശ ഇല്ല എന്നതും 50 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്ന നിബന്ധനയും സാമ്പത്തിക ബുദ്ധിമുട്ട് അനുവഭിക്കുന്ന സംസ്ഥാന സർക്കാരിന് ഏറെ ഗുണമായി. ടൗൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ, റോഡുകൾ എന്നിവ നിർമിക്കൽ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ, സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് കേന്ദ്ര സഹായം.