ലക്നൗ: കാണാതായ ഭാര്യയെ തേടി മൂന്നാഴ്ചയോളം നടന്ന ഭർത്താവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, തന്റെ പ്രിയതമയെ ഇങ്ങനെ കണ്ടുമുട്ടുമെന്ന്. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി കിടക്കയിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവ് പെട്ടെന്നായിരുന്നു സുപരിചതമായ ശബ്ദം കേട്ടത്. അത് തന്റെ ഭാര്യയുടേതാണെന്ന് അയാൾ തിരിച്ചറിഞ്ഞു. എന്നാൽ തൊട്ടടുത്തെ കിടക്കയിൽ വിശ്രമിക്കുന്ന ഭാര്യക്ക് ഭർത്താവിനെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. തലയ്‌ക്ക് പരിക്കേറ്റതുമൂലം ഓർമക്കുറവ് അവരെ അലട്ടിയിരുന്നു. തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും പ്രിയതമയെ തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു രാകേഷ് കുമാർ എന്ന 50കാരൻ.
ജനുവരി 13നായിരുന്നു രാകേഷിന്റെ ഭാര്യയെ വീട്ടിൽ നിന്ന് കാണാതായത്. യുപി സ്വദേശിയായ രാകേഷ് ലക്നൗ, കന്നൗജ്, കാൺപൂർ തുടങ്ങിയ നഗരങ്ങളിൽ ഭാര്യയെ തേടിയലഞ്ഞു. മൂന്ന് ദിവസമായിട്ടും ഭാര്യ തിരിച്ചുവരാതായപ്പോൾ ജനുവരി 16ന് പൊലീസിനെ സമീപിച്ചു. തിമിരത്തിന്റെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന രാകേഷിന്റെ അവസ്ഥ അതിനിടെ മോശമാകാനും തുടങ്ങി. ഇതോടെ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ഉന്നാവോ ജില്ലാശുപത്രിയിൽ ചികിത്സ തേടി.
തിമിര ശസ്ത്രക്രിയക്ക് ശേഷം കണ്ണുകളിലെ ബാൻഡേജ് അഴിച്ച് കൂളിംഗ് ഗ്ലാസ് വച്ച് കിടക്കുന്നതിനിടെയാണ് സമീപത്തെ കിടക്കയിൽ നിന്ന് സുപരിചിതമായ ശബ്ദം രാകേഷ് കേൾക്കാനിടയായത്. അത് തന്റെ ഭാര്യയാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഓടിച്ചെന്ന് സംസാരിച്ചെങ്കിലും അവർക്ക് രാകേഷിനെ തിരിച്ചറിയാനായില്ല.
രാകേഷിന്റെ ഭാര്യ ശാന്തി തലയ്‌ക്ക് പരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ എത്തിയതെന്ന് ഉന്നാവോ ജില്ലാ ഹോസ്പിറ്റൽ ഡോ. കൗശലേന്ദ്ര പ്രതാപ് പറഞ്ഞു. അതിനാൽ ശാന്തിക്ക് ഓർമ്മക്കുറവ് ഉണ്ടായിരുന്നു. ശാന്തിക്ക് സ്വയം മനസിലാക്കാൻ പോലും സാധിച്ചില്ല. എന്നാൽ ഈ അവസ്ഥ താത്കാലികം മാത്രമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സ കൊണ്ട് ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.















