പ്രണയദിനമായ ഇന്ന് മലയാളി പ്രേക്ഷകർക്ക് സമ്മാനമായി എത്തിയത് മൂന്ന് ചിത്രങ്ങൾ. മൂന്ന് ജോണറിലുള്ള സിനിമയാണ് തിയേറ്ററിലെത്തിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത് അനശ്വര രാജനും സജിൻ ഗോപുവും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് പൈങ്കിളി. പ്രണയക്കഥ പറയുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
പ്രണയദിനത്തോടനുബന്ധിച്ച് എത്തിയ പൈങ്കിളിക്ക് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. അനശ്വരയും സജിനും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും ഇരുവരുടെയും കോംമ്പോ ഗംഭീരമായിരുന്നെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ പ്രേമലു പോലൊരു സിനിമയായിരിക്കുമെന്ന് പ്രതീക്ഷിച്ച വന്നവരെ പൈങ്കിളി നിരാശരാക്കിയെന്നും ചില പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത സിനിമയാണ് ബ്രോമാൻസ്. യുവതാരനിരകളെ അണിനിരത്തിയൊരുക്കിയ ചിത്രം പ്രേക്ഷകർക്ക് ചിരിപ്പൂരം നൽകിയെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. കോമഡി നന്നായി വർക്ക് ചെയ്തിട്ടുണ്ടെന്നും യൂത്തിന് ആസ്വദിക്കാൻ പറ്റിയ സിനിമയാണെന്നുമാണ് പ്രേക്ഷകാഭിപ്രായം. ‘എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. അർജുൻ അശോകൻ- സംഗീത് പ്രദാപ് കോംമ്പോ നന്നായി ചെയ്തിട്ടുണ്ട്. കഥ നല്ലതായിരുന്നു. യുവാക്കളുടെ മനസറിഞ്ഞ് ചെയ്ത പടമായാണ് തോന്നിയതെന്നും’ പ്രേക്ഷകർ പറയുന്നു.
പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ദാവീദും ഇന്നാണ് തിയേറ്ററിലെത്തിയത്. ആർഡിഎക്സിന് ശേഷമുള്ള പെപ്പെയുടെ അടുത്ത ഹിറ്റാകും ദാവീദ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ബോക്സിംഗ് താരമായി എത്തുന്ന പെപ്പെയുടെ അത്യുഗ്രൻ പ്രകടനമാണ് കാണാൻ കഴിഞ്ഞതെന്നും കുടുംബത്തോടൊപ്പം കാണാൻ പറ്റിയ ആക്ഷൻ ത്രില്ലർ ചിത്രമാണെന്നുമാണ് പ്രേക്ഷകാഭിപ്രായം.