തിരുവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് മർദ്ദിച്ച സംഭവം ന്യായീകരിച്ച് ആർഷോ. അസഭ്യം പറഞ്ഞതുകൊണ്ടാണ് തല്ലിയത്, അതിനാൽ മാപ്പ് പറയേണ്ടതില്ലെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞത്.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ ആയിരുന്ന ടിപി ശ്രീനിവാസനെ കരണത്തടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്നും ടിപി ശ്രീനിവാസൻ കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയതെന്നും ആർഷോ പറഞ്ഞു. ചെകിട്ടത്ത് അടിക്കണം എന്ന് കരുതിയല്ല എസ്എഫ്ഐ അവിടേക്ക് പോയത്. അവിടെ സമാധാനപരമായി സമരം നടക്കുകയായിരുന്നു. അതിനിടെ ചില വിദ്യാർത്ഥികൾ ചേർന്ന് അയാളെ അവിടെ നിന്ന് നീക്കുകയായിരുന്നു. അതിനിടെയാണ് അയാളുടെ നാവിൽ നിന്ന് കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ വന്നത്. മുന്നിൽ നിന്ന് തന്തയ്‌ക്ക് വിളിച്ചപ്പോൾ എസ്എഫ്ഐ നേതാവ് പ്രതികരിച്ചു. അല്ലാതെ ടിപി ശ്രീനിവാസന്റെ നിലപാടിന് എതിരെ നടത്തിയ പ്രതികരണമല്ല ആ മർദ്ദനമെന്നും ആർഷോ ന്യായീകരിച്ചു.
ടിപി ശ്രീനിവാസനെ 2016-ലായിരുന്നു എസ്എഫ്ഐ നേതാവ് കരണത്തടിച്ചത്. അന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ കോവളത്ത് സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ടിപി ശ്രീനിവാസനെ പൊലീസ് നോക്കിനിൽക്കെ എസ്എഫ്ഐ നേതാവ് മർദ്ദിച്ചത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് വഴിയൊരുക്കാൻ സ്വകാര്യ സർവകലാശാലകളെ അനുവദിക്കുന്നതിനെതിരെ എൽഡിഎഫ് സ്വീകരിച്ച നിലപാടായിരുന്നു ടിപി ശ്രീനിവാസന്റെ മർദ്ദനത്തിൽ കലാശിച്ചത്. എന്നാൽ അതേ എൽഡിഎഫ് ഇന്ന് സ്വകാര്യ സർവകലാശാലകൾക്ക് അംഗീകാരം നൽകുന്ന ബില്ലുമായി എത്തിയ സാഹചര്യത്തിൽ ടിപി ശ്രീനിവാസനോട് മാപ്പ് പറയാൻ തയ്യാറാകുമോയെന്ന ചോദ്യം കഴിഞ്ഞ ഏതാനും നാളുകളായി ഉയർന്നിരുന്നു. മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ എസ്എഫ്ഐ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്.















