പുതിയ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് നിവിൻ പോളി. ആരാധകർ കാണാൻ ആഗ്രഹിച്ച മാസ് ഗെറ്റപ്പിലാണ് നിവിൻ പോളി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിവിൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ഫിറ്റ് ബോഡിയുമായി ചുള്ളൻ ലുക്കിൽ നിൽക്കുന്ന നിവിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നിവിൻ പോളിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരുന്ന മലയാളി പ്രേക്ഷകർക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് താരത്തിന്റെ പുതിയ ലുക്ക്. മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത നിവിൻ ബോഡി ഷെയിംമിഗിന്റെ പേരിലും വലിയ പരിഹാസങ്ങൾ നേരിട്ടിരുന്നു. അന്ന് മുതൽ പ്രേമത്തിലെ പഴയ ജോർജിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളി പ്രേക്ഷകർ.
പോസ്റ്റിന് പിന്നാലെ സന്തോഷം അറിയിച്ച് താരങ്ങളും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ, പെപ്പെ, പേർളി മാണി, അനു സിതാര, ദിവ്യ പ്രഭ, ശ്യം മോഹൻ എന്നിവർ അഭിപ്രായങ്ങൾ പങ്കുവച്ചു. കൂടാതെ ആരാധകരുടെ ആശംസാപ്രവാഹവും കമന്റ് ബോക്സിൽ കാണാം.
പുതിയ സിനിമയ്‌ക്ക് വേണ്ടി നിവിൻ വണ്ണം കുറയ്‌ക്കുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നയൻതാരയോടൊപ്പം ‘ഡിയർ സ്റ്റുഡൻസ്’ എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘ഏഴ് കടൽ ഏഴ് മലൈ’ എന്ന തമിഴ് ചിത്രവും നിവിൻ പോളിയുടേതായി പുറത്തുവരാനുണ്ട്.