ന്യൂഡൽഹി: മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ. അസമിൽ നിന്നാണ് ട്രെയിൻ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ജോഗ്ബാനി, തുണ്ട്ല സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ സർവീസുകൾ കൊണ്ടുവരുമെന്ന് റെയിൽവേ അറിയിച്ചു.
മഹാകുംഭമേളയിൽ പങ്കെടുക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ തടിച്ചുകൂടി നിൽക്കുന്ന തീർത്ഥാടകരുടെ നിരവധി വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രയാഗ് രാജിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഭക്തരുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് ട്രെയിനിൽ മറ്റ് സജ്ജീകരണങ്ങളും ഒരുക്കും. ഫെബ്രുവരി 21 വരെ സർവീസുകൾ തുടരും. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് പ്രയാഗ്‌രാജിലേക്ക് പോകാനുള്ള ഗതാഗതസൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇനിയുള്ള 12 ദിവസവും ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ 50 കോടിയിലധികം ആളുകളാണ് മഹാകുംഭമേളയിൽ പങ്കെടുത്തത്. അടുത്ത ദിവസങ്ങളിൽ 60 കോടിയിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ. തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.