മുംബൈ: ‘ലവ് ജിഹാദ്’ പരാതികൾ പരിശോധിക്കുന്നതിനായി മഹാരാഷ്‌ട്ര സർക്കാർ ഒരു ഏഴംഗ കമ്മിറ്റി രൂപീകരിച്ചു. ഡി ജിപി ആണ് അധ്യക്ഷൻ “മഹാരാഷ്‌ട്രയിലെ നിലവിലുള്ള സ്ഥിതിഗതികൾ പഠിക്കുകയും ലവ് ജിഹാദ്, വഞ്ചനാപരമായ അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനം എന്നിവയെക്കുറിച്ച് ലഭിക്കുന്ന പരാതികളിൽ പരിഹാര നടപടികൾ ശുപാർശ ചെയ്യുകയും നിയമപരമായ വശങ്ങൾ പരിശോധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പഠിക്കുകയും നിയമപ്രകാരം ശുപാർശകൾ നൽകുകയും ചെയ്യുക” എന്നതാണ് ഇതിന്റെ ചുമതല.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ഡിജിപി രശ്മി ശുക്ലയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ദിവസമാണ് ഈ നീക്കം . ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള ഏഴ് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
“ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരന്മാരും നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിന് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
അതനുസരിച്ച്, മഹാരാഷ്‌ട്രയിലെ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങൾ സംബന്ധിച്ച് ലഭിച്ച പരാതികളിൽ നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക, മറ്റ് സംസ്ഥാനങ്ങളുടെ നിയമം പഠിക്കുകയും നിയമത്തിന്റെ കരട് തയ്യാറാക്കുകയും നിയമപരമായ കാര്യങ്ങൾ പഠിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ പരിഗണനയിലായിരുന്നു. അതനുസരിച്ച്, മുംബൈയിലെ മഹാരാഷ്‌ട്ര സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിന്റെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നു,” വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ പറയുന്നു.
കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിശ്ചിത സമയപരിധിയില്ല.ഭരണകക്ഷിയായ മഹായുതി സഖ്യം തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ “ലവ് ജിഹാദ്” വിഷയം ഉന്നയിച്ചിരുന്നു.