രാമനാഥപുരം : പൂർത്തീകരണ ഘട്ടത്തോടടുത്തിരിക്കുന്ന പുതിയ പാമ്പൻ റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരം സന്ദർശിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് പറഞ്ഞു. മാർച്ച് മാസത്തിലായിരിക്കും ഉദ്‌ഘാടനം.
വെള്ളിയാഴ്ച രാമേശ്വരം സന്ദർശനത്തിനു ശേഷം പുതിയ പാമ്പൻ റെയിൽവേ പാലം പരിശോധിക്കുകയായിരുന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ. പുതിയ പാലം തുറക്കുമ്പോൾ വലിയ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാമേശ്വരം റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റിൽ സ്റ്റേഷൻ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റയിൽവേ പാലം തുറക്കുന്നതോടെ രാമേശ്വരം സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും അതിനാൽ പുതിയ ട്രെയിനുകൾ സർവീസ് നടത്താനുള്ള പദ്ധതികൾ പരിഗണനയിലാണെന്നും ആർ എൻ സിംഗ് പറഞ്ഞു.
പഴയ പാമ്പൻ റെയിൽവേ പാലം ഇതിനകം തന്നെ തകർന്ന നിലയിലായതിനാൽ, രാമനാഥപുരത്ത് അതിന്റെ ഒരു പകർപ്പ് നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനയിൽ ഡിവിഷണൽ റെയിൽവേ മാനേജർ ശരദ് ശ്രീവാസ്തവ, കൺസ്ട്രക്ഷൻ ചീഫ് എഞ്ചിനീയർ കെ.ജി. ജ്ഞാനശേഖർ എന്നിവരും പങ്കെടുത്തു.
രാമേശ്വരം സന്ദർശനത്തിന് ശേഷം മറ്റ് ഉദ്യോഗസ്ഥരോടൊപ്പം മധുര ജംഗ്ഷനിലെ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ പുരോഗതി ആർ എൻ സിംഗ് പരിശോധിച്ചു.















