തിരുവനന്തപുരം: ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാടല്ലെന്ന് കെ. മുരളീധരൻ. കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ കഴിയുന്ന പ്രസ്താവനയല്ല, തരൂരിന്റേത്. ദേശീയ നേതാവും വിശ്വപൗരനുമാണ് തരൂർ. ഒരു സാധാരണ പ്രവർത്തകനാണ് താൻ. അതുകൊണ്ടുതന്നെ തരൂരിന്റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കേരളത്തിന്റെ വ്യവസായ രംഗത്തെക്കുറിച്ച് ശശി തരൂർ എംപി പുകഴ്‌ത്തിയ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
ദേശീയകമ്മിറ്റിയംഗവും വിശ്വപൗരനുമൊക്കെയായതുകൊണ്ട് ഞങ്ങളെ പോലെയുള്ള സാധാരണക്കാർ അദ്ദേഹത്തെക്കുറിച്ച് കമന്റ് പറയുന്നത് ശരിയല്ല. ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെ.. തരൂരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ട ചുമതല, എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകന് ഇല്ല. പാർട്ടിയുടെ ഏത് അഭിപ്രായവും ശിരസാവഹിക്കുന്ന സാധാരണ പാർട്ടി പ്രവർത്തകനാണ് താൻ. പാർട്ടി പറയുന്ന സ്ഥലത്തൊക്കെ പോയി മത്സരിക്കാനുള്ള ചെറിയ കഴിവ് മാത്രമേ എനിക്കുള്ളൂ. അതുകൊണ്ട് ഞാൻ അദ്ദേഹത്തെക്കുറിച്ച് ഒന്നുംപറയുന്നില്ല.- കെ. മുരളീധരൻ പരിഹസിച്ചു.
കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാം. അവർ അതെല്ലാം അനുഭവിക്കുന്നവരാണ്. ആരുടേയും സർട്ടിഫിക്കറ്റ് നോക്കിയല്ല അവർ വോട്ട് ചെയ്യുന്നത്. പോളിംഗ് ബൂത്തിലെ തീരുമാനത്തിലേക്ക് നയിക്കുന്നത് അവരുടെ അനുഭവങ്ങളാണ്. അതിനാൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള തിരിച്ചടിയായിരിക്കും അടുത്ത തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ വ്യവസായ രംഗം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ശശി തരൂർ എംപി പുകഴ്‌ത്തി പറഞ്ഞിരുന്നു. ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂരിന്റെ വിവാദ പ്രസ്താവന. സംഭവത്തിൽ തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നിരുന്നു.















