പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിംഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തനിക്ക് കാൻസർ വരാനുള്ള കാരണത്തേക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തനിക്ക് രോഗം വരാനുള്ള കാരണത്തെക്കുറിച്ച് ഒരുപാട് ആലോച്ചു. ആ ആലോചന അൽഫാമിലാണ് എത്തിനിൽക്കുന്നതെന്നും നടൻ പറഞ്ഞു. അൽഫാമിന്റെ കരിഞ്ഞ ഭാഗമാണ് എനിക്ക് ഏറേയിഷ്ടം. അത് ഒരുപാട് വാങ്ങി കഴിച്ചിട്ടുണ്ട്. ആ സമയം പച്ചക്കറിയൊന്നും കഴിക്കാറുമുണ്ടായിരുന്നില്ല. അൽഫാം കഴിക്കുന്നത് ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞു.
താരത്തിന് മലാശയ കാൻസറാണ് പിടിപെട്ടത്. 2021-ലാണ് രോഗനിർണയം നടത്തിയത്. രക്തസ്രാവമുണ്ടായപ്പോൾ പൈൽസാണെന്ന് കരുതി കൂടുതൽ പരിഗണന നൽകിയില്ല. പിന്നീട് നടൻ മമ്മൂട്ടിയും മസിലിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയെങ്കിലും തമാശയെന്ന് പറഞ്ഞ്, കാര്യമാക്കിയില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കാര്യങ്ങൾ വഷളായത്. ഷൂട്ടിംഗിനിടെ രക്തസ്രാവമുണ്ടായി, പിന്നീട് ഇത് ഗുരുതരമായി. ഡോക്ടറുടെ നിർദേശത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനായപ്പോഴാണ് കാൻസർ കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിന് പിന്നാലെ വീണ്ടും ഷൂട്ടിംഗിലേക്ക്. ആക്ഷൻ സീനിനിടെ പലതവണ തുന്നലിൽ നിന്ന് രക്തം വാർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസമാണ് തന്നെ അതിജീവിപ്പിച്ചത്.മുപ്പതാം ദിവസം ഷൂട്ടിനിറങ്ങിയതും ആത്മവിശ്വാസം കൊണ്ടാണ്.മാരക രോഗം എന്ന് കരുതിയില്ല.പനിപോലെ കണ്ട് ചികില്‍സിച്ചു.ഡോക്ടര്മാമാരുടെ നല്ലവാക്കുകള്‍ മരുന്നിനേക്കാൾ ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്.—- സുധീർ പറഞ്ഞു