വാഷിംഗ്ടൺ: അമേരിക്കയിൽ പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഡോണാൾഡ് ട്രംപ്. യുഎസ് ബ്യൂറോക്രസിയിലെ പുതിയ മാറ്റത്തിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. യുഎസ് ഏജൻസികളുടെ എണ്ണം വെട്ടികുറയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ തലവനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കും ഡോണാൾഡ് ട്രംപും സംയുക്തമായാണ് നിർണായക തീരുമാനം എടുത്തത്.
ഇന്റീരിയർ, ഊർജം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന 9,500-ലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. സർക്കാരിന്റെ കീഴിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ടാക്കുന്നതാണ് ട്രംപിന്റെ പുതിയ നീക്കം.
വ്യവസായങ്ങളുടെ മേലുള്ള സർക്കാരിന്റെ നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള മസ്കിന്റെ തന്ത്രമാണ് ഈ നടപടിയെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് ഫെഡറൽ എംപ്ലോയീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരോപിച്ചു. എന്നാൽ, മസ്കിന്റെ ഇടപെടലിൽ ആശങ്കകള്‍ വേണ്ടെന്നും കൃത്യമായ ഓഡിറ്റ് നടത്തിയാണ് നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
തന്റെ രാജ്യം തന്നെ വഞ്ചിച്ചുവെന്നാണ് പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. നിരവധി പേർ സ്വമേധയാ രാജിസന്നദ്ധ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി സാധാരണക്കാരായ ജീവനക്കാരെ
ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ശരിയായ നടപടി അല്ലെന്നാണ് ബഹുഭൂരിപക്ഷം ആളുകളും വിമർശിക്കുന്നത്.