തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു സെറ്റില്‍മെന്റ് ആക്ട് ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഡിജിറ്റല്‍ റീ സര്‍വെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ചാത്തന്നൂരിലെ ചിറക്കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1932ലാണ് കേരളത്തില്‍ അവസാനത്തെ സെറ്റില്‌മെന്റ് ഉണ്ടായത്. ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഒരു സെറ്റില്‍മെന്റ് ആക്ട് ഇല്ലാത്ത നാട് എന്ന തിരിച്ചറിവോടെ, ഇവിടത്തെ അവസാനത്തെ സെറ്റില്‍മെന്റും നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കി രേഖകള്‍ക്കപ്പുറം അധിക ഭൂമി കണ്ടെത്തിയാല്‍, തര്‍ക്കമില്ലെങ്കില്‍ ഉടമയ്‌ക്ക് അതിന് നികുതി അടയ്‌ക്കാനുള്ള സൗകര്യം പോലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരേഖകളുടെ കൃത്യത, സുതാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുകയും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഡിജിറ്റല്‍ റീ സര്‍വെ.
ഒരാഴ്ചക്കാലം നീളുന്ന നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വെ ആന്റ് ഇന്‍ഡഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് വച്ച് ഏപ്രില്‍ മാസത്തില്‍ നടത്തുകയാണ്. ഇതിനാല്‍ ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും റവന്യൂ, സര്‍വെ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കുന്ന ഈ കോണ്‍ക്ലേവോടെ ലോകത്തിനും മുന്നേ നടക്കുന്ന നാടായി കേരളം മാറുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തില്‍ 239 വില്ലേജുകളിലെ 47 ലും ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയാക്കിയാണ് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇതുവരെ 6.02 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ സര്‍വെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1996 മുതല്‍ 2022 വരെയുള്ള 26 വര്‍ഷം കൊണ്ട് ഇടിഎസ് സര്‍വെ ഉപകരണം കൊണ്ട് 95,531 ഹെക്ടര്‍ ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ 2023 ഓഗസ്‌റ്റോടെ പൂര്‍ണ അര്‍ത്ഥത്തിലുള്ള ഡിജിറ്റല്‍ സര്‍വെ പ്രകാരം 44.73 ലക്ഷം (കൈ വശങ്ങൾ) ലാന്‍ഡ് പാര്‍സലുകളിലായാണ് 6.02 ലക്ഷം ഹെക്ടര്‍ അളന്ന് ഡിജിറ്റല്‍ രേഖയാക്കിയത്.















