ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ദേവികുളത്ത് വച്ചാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് വിദേശ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്.
മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോവുകയായിരുന്നു വിദേശസംഘം. ഗ്യാപ്പ് റോഡിനും ദേവികുളത്തിനും ഇടയിൽ വച്ചായിരുന്നു ആക്രമണം. റോഡിൽ നിന്നിരുന്ന ആന അപ്രതീക്ഷിതമായി വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് തുമ്പിക്കൈ കൊണ്ട് വാഹനം മറിച്ചിട്ടു.
തേയിലത്തോട്ടത്തിൽ ഏറെനേരം നിലയുറപ്പിച്ച കാട്ടാന സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ദ്രുതകർമസംഘം സ്ഥലത്തെത്തിയാണ് കാട്ടാനയെ സ്ഥലത്ത് നിന്ന് തുരത്തിയോടിച്ചത്.















