പട്ന: ജെഡിയു നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആർജെഡി എംഎൽഎ സൈദ് റുക്നുദ്ദീൻ അഹമ്മദിനതിരെ കേസ്. പൂർണിയ പൊലീസാണ് കേസെടുത്തത്. ജെഡിയു ഉപാദ്ധ്യക്ഷൻ മുഹമ്മദ് റെഹാൻ ഫസലിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മൂത്രം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആർജെഡി എംഎൽഎയ്‌ക്കും ഇയാളുടെ അഞ്ച് സഹോദരന്മാർക്കുമെതിരെ പൊലീസ് കേസെടുത്തു. ബിഹാറിലെ ബൈസിയിലാണ് സംഭവം നടന്നത്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റെഹാൻ ഫസൽ പൂർണിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഫസലിനെ തട്ടിക്കൊട്ടുപോയി മർദ്ദിച്ചതെന്നാണ് മൊഴി. ആർജെഡി എംഎൽഎയുടെ അനുയായികളാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അഹമ്മദിന്റെ വസതിയിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചു. മുളവടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചായിരുന്നു മർദ്ദനം. അഹമ്മദിന്റെ തെറ്റായപ്രവർത്തനങ്ങളും അനധികൃത ഇടപാടുകളും സമൂഹത്തിന് മുൻപിൽ തുറന്നുകാണിച്ചതിന്റെ പകയാണ് തന്നോട് തീർത്തതെന്നും ഫസൽ ആരോപിച്ചു.
തന്റെ ബോധം പോകുന്നതുവരെ മർദ്ദിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഉണർന്നപ്പോൾ തീർത്തും അവശനിലയിലായിരുന്നതിനാൽ വെള്ളം ചോദിച്ചു. അപ്പോൾ മൂത്രം കുടിക്കാനാണ് തന്നെ നിർബന്ധിച്ചതെന്നും ഫസൽ ആരോപിച്ചു. എംഎൽഎയ്‌ക്കെതിരെ ശബ്ദമുയർത്തിയതാണ് അഹമ്മദിനെ ചൊടിപ്പിച്ചതെന്നും ഫസൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൂർണിയ പൊലീസ് അറിയിക്കുന്നത്.















