2025 ലെ ഐസിസി മെൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ദേശീയ ടീമിന്റെ ഓപ്പണറായി ബാബർ അസം തുടരുമെന്ന് പാകിസ്താൻ ടീമിന്റെ താൽക്കാലിക പരിശീലകൻ ആക്വിബ് ജാവേദ്. ബാറ്റ്‌സ്മാൻമാർക്ക് അനുകൂലമായ പിച്ചുകളാണ് തുടക്കത്തിലെങ്കിൽ പവർപ്ലേ നന്നായി ഉപയോഗിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ആക്വിബ് ജാവേദ് പറഞ്ഞു.
കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിൽ മുഹമ്മദ് റിസ്വാൻ നയിച്ച ടീം ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ബാബർ അസമിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തെ ആക്വിബ് ജാവേദ് ന്യായീകരിച്ചത്. തുടക്കത്തിൽ ബാറ്റ് ചെയ്യാൻ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമെന്നും ബാബറിന് പവർപ്ലേ നന്നായി ഉപയോഗിക്കാൻ കഴിയുമെന്നും ജാവേദ് പറഞ്ഞു. നിർണായക മത്സരങ്ങളിൽ ബാബർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ സ്വന്തം നാട്ടിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലെ മോശം പ്രകടനത്തിന് ബാബറിന് വിമർശകരുടെ വായടപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ മൂന്ന് ഇന്നിംഗ്‌സുകളിലും ഓപ്പണറായിറങ്ങിയ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ വലം കയ്യൻ ബാറ്റ്‌സ്മാനായ താരം 34 പന്തിൽ നിന്ന് 29 റൺസ് മാത്രമാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെതിരെ 10 (23) റൺസും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 (19) റൺസും നേടിയ 30 കാരൻ 20.67 ശരാശരിയിലും 81.58 സ്ട്രൈക്ക് റേറ്റിലും 62 റൺസ് നേടിയാണ് പരമ്പര അവസാനിപ്പിച്ചത്. മൂന്ന് ഇന്നിംഗ്‌സുകളിലും പവർപ്ലേയ്‌ക്കുള്ളിൽ താരം പുറത്തായി. മൂന്ന് തവണയും ബാബറിന്റെ വിക്കറ്റെടുത്തത് പേസർമാരാണ്.















