ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന് കനത്ത പ്രഹരമായി മൂന്ന് ആം ആദ്മി കൗൺസിൽ മാർ ബിജെപിയിൽ. അനിത ബസോയ (ആൻഡ്രൂസ് ഗഞ്ച്), നിഖിൽ ചപ്രാന (ഹരി നഗർ), ധരംവീർ (ആർകെ പുരം) എന്നീ ആം ആദ്മി കൗൺസിലർമാരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ വരാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ ലഭിച്ചു.
കൗൺസിലർമാരെ പാർട്ടിയിലേക്ക് സ്വീകരിച്ച ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ഡൽഹിയെ വൃത്തിയുള്ളതും മനോഹരവുമായ നഗരമാക്കുന്നതിനാണ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നതെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത ഭാരത’ ദർശനത്തിന്റെ തലസ്ഥാനമായി ഡൽഹിയെ വികസിപ്പിക്കുമെന്നും അതിനായി കേന്ദ്രത്തിലും നിയമസഭയിലും മുനിസിപ്പൽ തലത്തിലും ഡൽഹിയിൽ ഒരു ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടി ദിവസങ്ങൾ പിന്നിടുമ്പോഴാണ് കൗൺസിലർമാർ പാർട്ടി വിടുന്നത്. ഏപ്രിലിലാണ് ഡൽഹി മുൻസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ്. 2024 നവംബറിൽ നടന്ന അവസാന മേയർ തിരഞ്ഞെടുപ്പിൽ എഎപി മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്. കൗൺസിലർമാരെ കൂടാതെ, ഏഴ് ലോക്‌സഭാ എംപിമാർ (എല്ലാവരും ബിജെപി), മൂന്ന് രാജ്യസഭാ എംപിമാർ (എല്ലാവരും എഎപി), ഡൽഹിയിലെ 14 നോമിനേറ്റഡ് എംഎൽഎമാർ എന്നിവർ എംസിഡി മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വോട്ടർമാരാണ്. മൂന്ന് കൗൺസിലർമാർ കൂടി ചേർന്നതോടെ, ബിജെപിയുടെ അംഗബലം ഇപ്പോൾ എഎപിയേക്കാൾ ഉയർന്നു.















