ടെസ്റ്റിൽ ഇന്ത്യക്ക് അത്ര നല്ല കാലമല്ല, ന്യൂസിലൻഡ് പരമ്പര തൂത്തുവാരി, ഓസ്ട്രേലിയയോട് ബോർഡർ-ഗവാസ്കർ പരമ്പര അടിയറ വച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കടക്കാനായില്ല. ഫോം നഷ്ടമായ രോഹിത് ക്യാപ്റ്റനെന്ന നിലയിലും കരിയറിൽ ഏറ്റവും പഴികേട്ട സമയവുമായി. താരത്തിന്റെ ടെസ്റ്റ് ടീമിലെ ഭാവി അവസാനിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പിടിഐ റിപ്പോർട്ട് പ്രകാരം രോഹിത് ഇനി വൈറ്റ് ജഴ്സി അണിയില്ല. ഇപ്പോഴത്തെ ടെസ്റ്റ് ടീമിലെ ഉപനായകൻ ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സ്ഥിരം നായകനായി ചുമതലയേൽക്കും. അഞ്ചു മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്.
ജൂൺ-ജൂലായ് മാസങ്ങളിലാണ് മത്സരങ്ങൾ. ഐപിഎല്ലിലാകും ജസ്പ്രീത് ബുമ്ര തിരിച്ചുവരുന്നത്. പുറത്തേറ്റ പരിക്കിനെ തുടർന്നാണ് താരത്തെ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. എൻസിഎയിൽ ചികിത്സയിലുള്ള താരത്തെ ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ട്. താരം ഇതുവരെ മത്സരത്തിന് സജ്ജനായിട്ടില്ലെന്നാണ് റിപ്പോർട്ട്.















