ബെയ്‌ജിങ്: കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കഴുതകളുടെമേൽ കറുപ്പും വെളുപ്പും പെയിന്റടിച്ച് സീബ്രയാക്കിയ ചൈനീസ് മൃഗശാലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലുള്ള ഒരു മൃഗശാലയിലാണ് സംഭവം. എന്നാൽ പെയിന്റിംഗിലെ പോരായ്മ സന്ദർശകർ കയ്യോടെ പൊക്കിയതോടെ മൃഗശാല അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
കള്ളം പിടിക്കപ്പെട്ടതോടെ ന്യായീകരണവുമായി മൃഗശാല രംഗത്തെത്തി. മാർക്കറ്റിങ് തന്ത്രമായിരുന്നുവെന്ന് സമ്മതിച്ച അവർ ഇത് വെറുമൊരു താമാശയാണെന്ന മറുപടി നൽകി വിവാദം കെടുത്താൻ ശ്രമിച്ചു. മൃഗങ്ങളിൽ ഉപയോഗിച്ചത് രാസവസ്തുക്കളില്ലാത്ത വിഷരഹിത ചായമാണെന്നും മൃഗശാലയുടെ ഉടമ വിശദീകരിച്ചു.
എന്നിരുന്നാലും, സന്ദർശകരെ തെറ്റിദ്ധരിപ്പിക്കുന്നതിനും മൃഗങ്ങളോട് അനാശാസ്യമായി പെരുമാറുന്നതിനും മൃഗശാലയെ വിമർശിച്ചവർ അടങ്ങിയിരിക്കാൻ തയാറായില്ല. അവർ കഴുതയുടെ ദര്സിഹ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു. ഇതാദ്യമായല്ല ചൈന ഇത്തരം സൂത്രപ്പണികൾ കാണിച്ച് വെട്ടിലാവുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ, ചൈനയിലെ ഒരു മൃഗശാലയിൽ ചൗ ചൗ നായ്‌ക്കൾക്ക് കടുവകളോട് സാമ്യം തോന്നിപ്പിക്കാൻ കറുപ്പും ഓറഞ്ചും നിറം നൽകിയെന്നാരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. മുൻപ് പട്ടികുട്ടികളെ പാണ്ടകളായി രൂപമാറ്റം വരുത്തിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.















