പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽതീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപിടിത്തമുണ്ടായത്.. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു.
തീ ആളിക്കത്തുന്നതു കണ്ട രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് നിലയത്തിൽനിന്ന് അഗ്നിരക്ഷാസേനയെത്തി അധികം വൈകാതെ തീയണച്ചു . ഞായറാഴ്ച പുലർച്ചെ ജില്ലാ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിനുപിന്നാലെ തൊട്ടടുത്ത ആശുപത്രിയിലും തീപ്പിടിത്തമുണ്ടായതു രോഗികളിലും കൂട്ടിരിപ്പുകാരിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
ജനറേറ്റർ സ്ഥലത്തെത്തിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് 1.45-ന് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു.















