എറണാകുളം: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്. പ്രൊഡ്യൂസേഷൻ അസോസിയേഷനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ജയൻ ചേർത്തലയുടെ പരാമർശത്തിനെതിരെയാണ് സംഘടന രംഗത്തുവന്നത്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു. കൂടാതെ ജയൻ ചേർത്തലയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
നിർമാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോൾ താര സംഘടനയായ അമ്മയിൽ നിന്ന് പണം ചോദിച്ചുവെന്നായിരുന്നു ജയൻ ചേർത്തലയുടെ പരാമർശം. കഴിഞ്ഞ 14-ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് നിർമാതാക്കളുടെ സംഘടനക്കെതിരെ വിമർശനം ഉന്നയിച്ചത്. നിർമാതാവ് സുരേഷ് കുമാറിനെതിരെയും ജയൻ പ്രതികരിച്ചിരുന്നു.
വിവിധ ഷോകളിലൂടെ അമ്മ അസോസിയേഷൻ ഒരു കോടിയോളം രൂപ നിർമാതാക്കളുടെ സംഘടനയ്‌ക്ക് നൽകിയെന്നും ജയൻ പറഞ്ഞു. എന്നാൽ അമ്മ സംഘടനയും നിർമാതാക്കളും ചേർന്ന് നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും വരുമാനം പങ്കിടണമെന്നത് കരാറിലുണ്ടായിരുന്ന വ്യവസ്ഥയാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
തങ്ങൾ വാങ്ങിയ പണം അമ്മയുടെ സഹായം അല്ലായിരുന്നുവെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വക്കീൽ നോട്ടീസിൽ പറയുന്നത്. വലിയ ഷോകളിൽ പങ്കെടുക്കാൻ മോഹൻലാൽ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗൾഫിലേക്ക് വന്നുവെന്ന പ്രസ്താവനയും തെറ്റാണെന്ന് നോട്ടീസിൽ പറയുന്നു.















