അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്നരഞ്ജിട്രോഫി സെമി ഫൈനലിൽ കേരളം പൊരുതുന്നു. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിന് എതിരെ ഒന്നാം ഇന്നിംഗ്സിൽ 85 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എന്ന നിലയിലാണ് കേരളം. ഭേദപ്പെട്ട തുടക്കമാണ് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിന് നൽകിയത്.
ഇരുവരും ആദ്യ വിക്കറ്റിൽ 60 റൺസ് ചേർത്തു. 30 റൺസെടുത്ത അക്ഷയ് ചന്ദ്രൻ റണ്ണൗട്ടാവുകയായിരുന്നു. ഇതാണ് കേരളത്തിന് തിരിച്ചടിയായത്. തൊട്ടുപിന്നാലെ രോഹൻ കുന്നുമ്മലും (30) പുറത്തായി. രോഹനെ ഇന്ത്യൻ താരം രവി ബിഷ്ണോയ് എൽബിയിൽ കുരുക്കി. പിന്നാലെയെത്തിയ വരുൺ നയനാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
10 റൺസെടുത്ത താരത്തെ പ്രിയജീത് പുറത്താക്കി.എന്നാൽ ക്രീസിൽ ഒന്നിച്ച ജലജ് സക്സേന(30) സച്ചിൻ ബേബി സഖ്യം കേരളത്തിന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇതിനിടെ സക്സേനയെ അർസാൻ വീഴ്‌ത്തി. പിന്നാലെയെത്തിയ അസറദ്ദീൻ സച്ചിന് ഉറച്ച പിന്തുണ നൽകി. 65* റൺസുമായി സച്ചിനും 25* റൺസുമായി മൊഹമ്മദ് അസറദ്ദീനുമാണ് ക്രീസിൽ.















