തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് നടിയും അവതാരികയുമായ പാർവതി കൃഷ്ണ. ഇത് താൻ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ആ ഫോട്ടോഷൂട്ട് പ്രേക്ഷകരിലേക്ക് വൾഗറായ രീതിയിൽ എത്താൻ വേണ്ടി ചെയ്തതല്ലെന്നും പാർവതി പറഞ്ഞു.
പാർവതി അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിലെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളാണ് രോമാഞ്ചം എന്ന ഓൺലൈൻ മീഡിയ മോശമായ രീതിയിൽ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ നിയമപരമായി മുന്നോട്ടുനീങ്ങിയ പാർവതി പേജ് പൂട്ടിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.
എന്റെ മകൻ വളർന്ന് ഒരു പ്രായമെത്തുമ്പോൾ അവന്റെ അമ്മയുടെ ഇത്തരമൊരു വീഡിയോ കണ്ടാൽ അവന് സഹിക്കുമോ. ഒരു മകനും സഹിക്കില്ല. ഈ പ്രശ്നം എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒരു നടി ഇതൊക്കെ നേരിടേണ്ടി വരില്ലേയെന്നാണ് ചിലർ എന്നോട് പറഞ്ഞത്. ഒരു നടിയും ഇത് നേരിടേണ്ട ആവശ്യമില്ല. പ്രേക്ഷകരിലേക്ക് വൾഗറായ രീതിയിൽ എത്താൻ വേണ്ടി ചെയ്തതല്ല ആ ഫോട്ടോഷൂട്ട്. അതിനെ അത്രയും വൾഗറാക്കിയതിനാൽ എനിക്ക് അംഗീകരിക്കാനാകില്ല. അതുപോലൊരു പേജിൽ എന്റെ വീഡിയോ വരുന്നതിനോട് എനിക്ക് താത്പര്യമില്ല.
ഈ പ്രശ്നത്തിന് ശേഷം പലരും എനിക്ക് മെസേജ് അയച്ചു. ഞങ്ങളുടെ ചിത്രങ്ങളും ഇതുപോലെ വരാറുണ്ടെന്ന് അവർ പറഞ്ഞു. സൈബർ സെല്ലിൽ പരാതി നൽകിയിട്ടും ഒന്നും നടന്നില്ല. സാധാരണക്കാരിയായ എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഇത്രയും പവർഫുള്ളായ സൈബർ സെല്ലിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല. ഇത്തരം പേജുകൾക്ക് പിന്നിലുള്ള പലരും ചെറിയ പിള്ളേരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യമെന്നും പാർവതി പറഞ്ഞു.















