ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മുൻകാല കണക്കുകളെ പിന്തള്ളിയാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 5. 3 ലക്ഷം യാത്രക്കാരാണ് രാജ്യത്തെ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത്.
ഒരു വർഷത്തെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനത്തിന്റെ വർദ്ധനയാണുള്ളത്. കഴിഞ്ഞ നവംബറിലും യാത്രക്കാരുടെ എണ്ണത്തിൽ സമാന വർദ്ധനവ് ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്.
ഒക്ടോബറിൽ 4.84 ലക്ഷം പേരാണ് ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത്. കൊവിഡിന് ശേഷമാണ് പ്രതിദിന വിദേശ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നത്. യാത്രക്കാരിൽ 90 ശതമാനം ആളുകളും ഇൻഡിഗോയിലും ടാറ്റാ ഗ്രൂപ്പ് എയർലൈനുകളിലുമാണ് യാത്ര ചെയ്തത്. എയർ ഇന്ത്യ, വിസ്‌താര, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം രാജ്യത്തെ ആഭ്യന്തര വിമാനറൂട്ടുകളിൽ 16. 13 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിലും ഇത് പുതിയ റെക്കോർഡാണ് നേടിയിരിക്കുന്നത്. പ്രതിദിനം 4.42 ലക്ഷം പേർ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നു.















