രഞ്ജി ട്രോഫി സെമിയിൽ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന കേരളം ശക്തമായ നിലയിൽ. മുന്നൂറ് കടന്ന കേരളത്തിന് കരുത്തായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ അപരാജിത സെഞ്ച്വറി. 177 പന്തിൽ 13 ഫോറുകളടക്കമാണ് താരം നൂറ് റൺസുമായി പുറത്താകാതെ നിൽക്കുന്നത്. 36 റൺസുമായി ഉറച്ച പിന്തുണയുമായി സൽമാൻ നിസാറും ക്രീസിലുണ്ട്. ഇന്ന് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.അര്‍സാന്‍ നഗ്വാസ്വല്ലയുടെ പന്തിലാണ് സച്ചിന്റെ മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 129 ഓവറിൽ 318/5 എന്ന നിലയിലാണ് കേരളം.
നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗ് തുടങ്ങിയത്. കരുതലോടെയാണ് കേരളം ഇന്നിംഗ്സ് മുന്നോട്ട് നയിക്കുന്നത്. കൂറ്റൻ സ്കോർ നേടി ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുകയാണ് കേരളത്തിന്റെ ലക്ഷ്യം. സൽമാൻ നിസാറും അസ്ഹറദ്ദീനും ചേർന്ന് 110 റൺസാണ് കേരളത്തിന്റെ സ്കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്.
ക്ഷമയോടെ തുടങ്ങിയെങ്കിലും ആദ്യദിനം കേരളത്തിന് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും 30 റൺസ് വീതമെടുത്ത് പുറത്തായി. അരങ്ങേറ്റ താരം വരുണ്‍ നായനാരുടേയും (55 പന്തില്‍ 10) ജലജ് സക്സേനയുടേയും 30(83) വിക്കറ്റുകളും കേരളത്തിന് ആദ്യദിനം നഷ്ടമായിരുന്നു.















