നാലു വയസുകാരിയുടെ വിരൽ തുമ്പിലൂടെ പുറത്ത് വന്നത് ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരം. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടേ അമ്മയുടെ കൊലപാതകമാണ് കുഞ്ഞ് ദർശിതയുടെ കൈകൾ കോറിയിട്ടത്. അമ്മയെ കൊലപ്പെടുത്തിയതാകട്ടെ സ്വന്തം അച്ഛനും.
ഉത്തർപ്രദേശിലെ ഝാൻസിയിൽ 27 കാരിയായ സൊനാലിയെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. പിന്നാലെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
2019 ലാണ് സൊനാലിയും ഝാൻസി സ്വദേശി സന്ദീപ് ബുധോലിയയും വിവാഹിതരായത്. സ്ത്രീധനമായി 20 ലക്ഷം രൂപ നൽകിയിരുന്നുവെന്ന് യുവതിയുടെ പിതാവ് സഞ്ജീവ് ത്രിപാഠി പറയുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കാർ വേണമെന്ന് പറഞ്ഞ് വഴക്കും മർദ്ദനവും തുടങ്ങി. പൊലീൽ പരാതി നൽകിയെങ്കിലും ഇരുവിഭാഗവും ഒത്തുതീർപ്പിൽ എത്തി. ഇതിനിടെ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. പിന്നീട് ഇതിനെ ചൊല്ലിയും പ്രശ്നം തുടങ്ങി. പെൺകുഞ്ഞായത് കൊണ്ട് പ്രസവശേഷം ആശുപത്രിയിലെ ബില്ലടക്കാനോ വീട്ടിലേക്ക് കൊണ്ടുവരാനോ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
അച്ഛൻ അമ്മയെ അടിക്കുന്നതും തൂക്കിലേറ്റുന്നതുമായ ചിത്രമാണ് കുഞ്ഞ് വരച്ചത്. അമ്മയുടെ തലയിൽ കല്ലുകൊണ്ട് ഇടിച്ച ചിത്രവും നാലുവയസ്സുകാരി പേന കൊണ്ട് വരച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കുഞ്ഞിനോട് സ്നേഹത്തോടെ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. സംഭവത്തിന് തലേദിവസം അമ്മയെ അടിച്ചതും ആ സമയത്ത് ഓടി ചെന്ന് പിതാവിന്റെ കൈകൾ തട്ടിമാറ്റിയതും അവൾ ഓർത്തെടുത്തു. തന്നെയും അച്ഛൻ അടിക്കാറുണ്ടെന്ന് ദയനീയതോടെ നാലു വയസുകാരി പൊലീസിനോട് പറഞ്ഞു.
യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.