റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണമെന്ന് വത്തിക്കാൻ. പരിശോധനയിൽ കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും സുഖം പ്രാപിക്കുന്നത് വരെ ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ സഭ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. മാർപാപ്പയ്‌ക്ക് കോർട്ടിസോൺ ആൻറിബയോട്ടിക് ചികിത്സ ആവശ്യമാണെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ 14-നാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ല. ന്യൂമോണിയയുടെ ആരംഭം കണ്ടെത്തിയതിനാൽ കൂടുതൽ ചികിത്സ ആവശ്യമാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
പോപ്പിന്റെ ചികിത്സയെ തുടർന്ന് കത്തോലിക്കാ സഭ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കി. പോപ്പിന്റെ ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെടുന്നത് വരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















