തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വച്ച് പ്രാഥമിക ചികിത്സ നൽകി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടു. മയക്കുവെടിയേറ്റ് വീണ ആനയെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. മുറിവിൽ മരുന്ന് തേച്ചതിന് ശേഷം ആനയെ അനിമൽ ആംബുലൻസിൽ കയറ്റി. മൂന്ന് കുങ്കിയാനകൾ ചേർന്നാണ് കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്.
കൂടുതൽ ചികിത്സയ്‌ക്കായി കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോകും. കോടനാട്ടിൽ എത്തിച്ചശേഷമായിരിക്കും തുടർ പരിശോധന നടത്തുക. നിലവിൽ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. രാവിലെ ഏഴരയോടെയാണ് കൊമ്പനെ മയക്കുവെടി വച്ചത്. വെടിയേറ്റ് 15 മിനിറ്റുള്ളിൽ ആന നിലത്ത് വീഴുകയായിരുന്നു. ആദ്യഘട്ടത്തിൽ ആശങ്കയുണ്ടായെങ്കിലും വെറ്ററിനറി സംഘം കൃത്യമായ പരിശോധന നടത്തി ചികിത്സ നൽകി.
ജെസിബി ഉപയോഗിച്ച് വഴിവെട്ടിയ ശേഷമാണ് കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ വാഹനത്തിൽ കയറ്റിയത്. കൊമ്പനെ പാർപ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ആനയ്‌ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.